ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ ജില്ലാ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി സംസ്ഥാന അതിർത്തിയിൽ പരിശോധന ആരംഭിച്ചു. ആര്യങ്കാവ് ഔട്ട് പോസ്റ്റ്, ആര്യങ്കാവ് റെയിൽവേസ്റ്റേഷൻ, കോട്ടവാസൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. പുനലൂർ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തുന്നത്. എല്ലാ യാത്രക്കാരുടെയും ആരോഗ്യനിലയെ പറ്റി കൃത്യമായി അന്വേഷിക്കുകയും കൊറോണ വൈറസ് ബാധയുടെതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങൾ ഉള്ളവർക്ക് പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകുകയും നിരീക്ഷണം ആവശ്യമായവർക്ക് ഹെൽത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. ജനമൈത്രി ബീറ്റ് ഓഫീസർമാർ ഗൃഹ നിരീക്ഷണത്തിൽ താമസിക്കുന്നവർ ഐസൊലേഷൻ കൃത്യമായും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി നിരീക്ഷണത്തിൽ താമസിക്കുന്നവരുടെ ഗൃഹ സന്ദർശനം നടത്തുന്നതാണ്, കൂടാതെ നിരീക്ഷണത്തിൽ താമസിക്കുന്ന ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭ്യമാണോ എന്നതും പരിശോധിക്കും.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരുന്നു. കൊല്ലം റൂറൽ പോലീസ് ജില്ലയിൽ നാളിതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനിയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഹരിശങ്കർ ഐപിഎസ് അറിയിച്ചു.