വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ച പശ്ചാത്തലത്തില്‍ ചെറുതുരുത്തി പ്രദേശത്ത് തെരുവ് നായകളുടെ ശല്യം ഇല്ലാതാക്കാന്‍ ആവശ്യമായ ഉത്തരവ് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
തൃശൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. സുരക്ഷാമേഖലയായിരിക്കേണ്ട സ്കൂള്‍ പരിസരം തെരുവു നായകളുടെ വിഹാരകേന്ദ്രമാക്കി മാറ്റിയതിന് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കേസ് തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്. പരീക്ഷ ഹാളില്‍ ഉണ്ടായിരുന്ന കുട്ടികളും അധ്യാപകരും ഓടി രക്ഷപ്പെട്ടതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
