കൊട്ടാരക്കര: ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തി ഉപജീവനം നടത്തിവരികയായിരുന്ന കോട്ടാത്തല സ്വദേശിയായ തങ്കപ്പൻപിള്ള (71) എന്നയാളെ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുണ്ടറ ത്രിപ്പിലഴികം കിഴക്കേ മുകളുവിള വീട്ടിൽ ഫിലിപ്പ് മകൻ തോമസ് ഫിലിപ്പ് (38)ആണ് കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. പുലമൺ ജംഗ്ഷനിൽ കഴിഞ്ഞ കുറേ വർഷങ്ങളായി
ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട തങ്കപ്പൻപിള്ള. ജംഗ്ഷനിലെ ഒരു ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തങ്കപ്പൻപിള്ളയോട് ലോട്ടറി ടിക്കറ്റ് ചോദിച്ചു. എന്നാൽ പണം ഇല്ലാത്തതിനാൽ ലോട്ടറി ടിക്കറ്റ് കൊടുക്കാൻ തങ്കപ്പൻപിള്ള തയ്യാറായില്ല, മാത്രമല്ല പണമില്ലെങ്കിൽ ടിക്കറ്റ് തരില്ല എന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ഇതിൽ കുപിതനായ പ്രതി തങ്കപ്പൻപിള്ളയെ മർദ്ദിക്കുകയും പിടിച്ചു തള്ളി തല കല്ലിലിടിപ്പിച് അപകടം സംഭവിപ്പിക്കുകയുമായിരുന്നു. ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് തങ്കപ്പൻപിള്ളയെ ആശുപത്രിയിലെത്തിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ചെങ്കിലും തങ്കപ്പൻപിള്ള മരണപ്പെടുകയായിരുന്നു. കൊട്ടാരക്കര എസ് ഐ മാരായ രാജശേഖരൻ ഉണ്ണിത്താൻ, മോഹനൻ സി പി ഒ ഹോചിമിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിൻറെ ഇടപെടൽ മൂലം പ്രതിയെ രക്ഷപ്പെടാൻ സാധിക്കാതെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.
