തെന്മല; കാലപ്പഴക്കം ചെന്നതും പഴകിപ്പൊളിഞ്ഞു ജീർണ്ണാവസ്ഥയിലുള്ള വാടകക്കെട്ടിടത്തിൽ പരാധീനതകൾക്കു നടുവിൽ പ്രവർത്തിച്ചു വന്നിരുന്ന തെന്മല പോലീസ് സ്റ്റേഷന് ശാപമോക്ഷമായി കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ കെട്ടിടത്തിൽ 20.12.19 മുതൽ തെന്മല പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. സ്വകാര്യ കെട്ടിടത്തിൽ വാടകക്കാണ് തെന്മല പോലീസ് സ്റ്റേഷൻ നാളിതു വരെ പ്രവർത്തിച്ചു വന്നിരുന്നത് . കെട്ടിടം ഷീറ്റും ഓടും മേഞ്ഞതും മഴക്കാലത്ത് ചോർന്നൊലിക്കുന്നതും കാലപ്പഴക്കം ചെന്ന് സുരക്ഷാ ഭീഷണി നിലനിൽക്കുന്നതുമായിരുന്നു.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് അവർകൾ ജില്ലയിൽ സ്ഥാനമേറ്റെടുത്ത ശേഷം തെന്മല പോലീസ് സ്റ്റേഷന്റെ പരാധീനതകൾ നേരിട്ട് കണ്ടു മനസിലാക്കി സൗകര്യങ്ങളോടു കൂടിയതും കെട്ടുറപ്പുള്ളതുമായ മറ്റൊരു കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾ ദ്രുതഗതിയിലാകുകയായിരുന്നു. കല്ലട ഇറിഗേഷൻ പ്രൊജക്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവായി ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗിക്കാതെ കിടന്നിരുന്നതുമായ കെട്ടിടം പോലീസ് വകുപ്പിന് കൈമാറുകയും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് അവർകൾ പ്രത്യേകം മുൻകൈയെടുത്തു സ്റ്റേഷൻ നവീകരിക്കുകയും
മോടി പിടിപ്പിക്കുകയും പുതിയ ഫർണീച്ചറുകൾ, കംപ്യൂട്ടറുകൾ മറ്റു ഉപകരണങ്ങൾ ഇന്റർനെറ്റ് സൗകര്യം എന്നിവ സമയബന്ധിതമായി ഏർപ്പെടുത്തി എല്ലാ വിധ ആധുനിക സംവിധാനങ്ങളോടും കൂടി പുതിയ കെട്ടിടത്തിലേക്ക് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കുകയായിരുന്നു. സ്റ്റേഷനിൽ പ്രവൃത്തിയെടുത്തു വരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസകരമാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം.
തമിഴ്നാട് സംസ്ഥാനത്തോട് ചേർന്നു കിടക്കുന്നതും ദേശീയപാത കടന്നു പോകുന്നതും എന്നിങ്ങനെ ജില്ലയിൽ പ്രാധാന്യമർഹിക്കുന്നതാണ് തെന്മല പോലീസ് സ്റ്റേഷൻ. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ച തെന്മല പോലീസ് സ്റ്റേഷന്റെയും പുതുക്കിപ്പണിത ആര്യങ്കാവ് ഔട്ട് പോസ്റ്റിന്റെയും ഉദ്ഘാടനം ഉടനുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.