കൊട്ടാരക്കര; കൊല്ലം റൂറൽ പോലീസ് ജില്ലയിൽ എം സി റോഡിന്റെ ഏനാത്ത് മുതൽ നിലമേൽ വരെയും ശബരിമല പ്രധാനപാതയിലെ പത്തനാപുരം പുനലൂർ ആര്യങ്കാവ് റോഡിലെയും അപകടകരമായ 13 വളവുകളിലാണ് ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിച്ചിട്ടുള്ളത്.
കൊല്ലം റൂറൽ ജില്ലാ പോലീസ് ഹരിശങ്കർ ഐ പി എസ് സംസ്ഥാന പോലീസ് മേധാവിക്ക് ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷയിൽ സംസ്ഥാന പോലീസ് മേധാവിയുടെ അനുമതി ലഭിക്കുകയും റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്നും 562000 രൂപ അനുവദിക്കപ്പെടുകയും ചെയ്തിട്ടുള്ളതാകുന്നു. ഈ തുക ഉപയോഗിച്ച് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കെൽട്രോണിനെ ട്രാഫിക് ബ്ലിങ്കറുകളുടെ സ്ഥാപിക്കൽ ചുമതലപ്പെടുത്തിയിട്ടുള്ളതും കെൽട്രോൺ അധികൃതർ സമയബന്ധിതമായി ജോലി പൂർത്തീകരിച്ചു ട്രാഫിക് ബ്ലിങ്കറുകൾ പ്രവർത്തനമാരംഭിച്ചിട്ടുള്ളതുമാണ്. പൊതുവെ തിരക്ക് കൂടിയതും ശബരിമല സീസണിന്റെ ഭാഗമായി തിരക്ക് ക്രമാതീതമായി വര്ധിച്ചിട്ടുള്ളതുമായ റോഡുകളിൽ അപകടങ്ങൾ വര്‍ധിക്കുവാനുള്ള സാധ്യതയും റോഡ് പരിചിതരല്ലാത്തവർക് രാത്രികാലങ്ങളിലേ അപകടസാധ്യതയും മുന്നിൽക്കണ്ടാണ് കൊടും വളവുകളിൽ ട്രാഫിക് ബ്ലിങ്കറുകൾ സ്ഥാപിക്കാൻ കൊല്ലം റൂറൽ പോലീസ് മുൻകൈ എടുത്തത്.
രാത്രികാല യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ട്രാഫിക് ബ്ലിങ്കറുകളുടെ സ്ഥാപനം. നിലവിൽ സ്ഥാപിച്ചിട്ടുള്ള ബ്ലിങ്കറുകൾ സൗരോർജത്തിൽ പ്രവർത്തിക്കുന്നതും പുറമെ നിന്ന് വൈദ്യുതി ആവശ്യമില്ലാത്തതും റോഡ് വീതി കൂട്ടൽ തുടങ്ങി മരാരത്ത് ജോലികൾ നടക്കുന്ന സമയം മറ്റു തടസ്സങ്ങൾ കൂടാതെ തന്നെ മാറ്റി സ്ഥാപിക്കാവുന്നതും തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്.