ശൂരനാട്; കുന്നത്തൂർ മാനാമ്പുഴ സ്വദേശി കിഷോറിനെയും സുഹൃത്തിനെയും മർദ്ദിച്ചു കഠിനമായ ദേഹോപദ്രപം ഏല്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയായ പോരുവഴി അമ്പലത്തുംഭാഗം വല്യ അയ്യത്തു പുത്തൻവീട്ടിൽ മണികണ്ഠൻ മകൻ 26 വയസ്സുള്ള ജിത്തു എന്നും വിളിക്കുന്ന നിഖിലാണ് ശൂരനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പോരുവഴി ചാങ്ങേക്കാവ് ഉത്സവത്തോടനുബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് അക്രമത്തിനു കാരണം. പരാതിക്കാരനും സുഹൃത്തും വരുന്ന വഴി കമ്പിവടി, ഇടിക്കട്ട, പട്ടികകഷ്ണം എന്നിവയുമായി സംഘം ചേർന്നു നിന്ന പ്രതികൾ കിഷോറിനെ കമ്പിവടി കൊണ്ട് തലക്കടിച്ചു മുറിവുണ്ടാക്കിയും ഇടിക്കട്ട കൊണ്ടിടിച്ചു മൂക്കിലെ എല്ലിന് പൊട്ടലുണ്ടാക്കിയും പട്ടിക കഷ്ണം കൊണ്ടടിച്ചും കഠിനമായ ദേഹോപദ്രപം ഏൽപിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം ഏഴു മാസത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശൂരനാട് എസ് ഐ ശ്രീജിത്ത് സിപിഒ ഷിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തതു.
