കൊട്ടാരക്കര : വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപക ദിനാഘോഷം നാളെ കൊട്ടാരക്കര ഡയറ്റിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ബി.ലീലാകൃഷ്ണൻ നായർ അദ്ധ്യാപക ദിനസന്ദേശം നൽകും. ഡി.ഇ.ഒ കെ.അനിത, എം.എസ്.ശ്രീകല, ജി.എസ്.ദിലീപ് കുമാർ, ഇ.മല്ലിക, എസ്.ഷാജി, ഇ.ജോയിക്കുട്ടി, കെ.അജയൻ, കെ.മോഹനൻ ആചാരി എന്നിവർ സംസാരിക്കും. 11.30ന് സംഗീത അദ്ധ്യാപകരും ചിത്രകല അദ്ധ്യാപകരും നയിക്കുന്ന വിവിധ കലാപരിപാടികൾ, 12.30ന് ഡയറ്റിലെ അദ്ധ്യാപക വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. പാട്ട് പാടുന്നതിന്റെ വരികളുടെ അർത്ഥം നോക്കി തത്സമയം വരക്കുന്നതുൾപ്പടെ ഏറെ കലാവിരുന്നാണ് സർഗ്ഗ വിസ്മയം എന്ന പേരിൽ ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പത്ര സമ്മേളനത്തിൽ ഡി.ഇ.ഒ കെ.അനിത, കെ.മോഹനൻ ആചാരി, ബിനു, എം.സെയ്ഫുദ്ദീൻ മുസലിയാർ, ജി.ഗോപകുമാർ എന്നിവർ പങ്കെടുത്തു.
