കൊട്ടാരക്കര : പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ആസിഡ് ഒഴിച്ച് രക്ഷപെടാൻ ശ്രമിച്ചെന്ന കേസിൽ പത്തു വർഷം തടവ് ശിക്ഷ. നെടുമൺകാവ് ഗോപി എന്നറിയപ്പെടുന്ന മടവൂർ പുലിയൂർക്കോണം മാങ്കുഴി ചരുവിള പുത്തൻവീട്ടിൽ ഗോപി (52) നാണ് കൊട്ടാരക്കര അസി.സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2016 ജനുവരി 28-നായിരുന്നു സംഭവം. കൊല്ലം റൂറൽ ജില്ലാ പോലീസിലെ ഡാൻസഫ് സ്ക്വാഡ് എസ്.ഐ. എ.സി.ഷാജഹാനാണ് ആസിഡ് അക്രമത്തിന് ഇരയായത്. ആയൂർ പാലത്തിന് സമീപം മജിസ്ട്രേട്ട് കടവിലായിരുന്നു സംഭവം.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഗോപി കടവിലുണ്ടെന്ന വിവരത്തെ തുടർന്നാണ് ഷാജഹാൻ സ്ഥലത്തെത്തിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ ഷാജഹാന്റെ മുഖത്തേക്ക് കയ്യിലിരിന്ന കുപ്പിയിലെ ആസിഡ് ഗോപി ഒഴിക്കുകയായിരുന്നു. ആസിഡെറിയൽ കേസുകളിൽ അപൂർവ്വമെന്നു കണ്ടെത്തിയാണ് പ്രതിക്ക് അസി.സെഷൻസ് ജഡ്ജ് കെ.എം.രതീഷ് കുമാർ പത്തു വർഷം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചത്.