പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അനാഥാലയത്തിൽ നിന്നെത്തിയ രണ്ട് പെൺകുട്ടികൾ അദാലത്തിലെ വേറിട്ട കാഴ്ചയായി. കുണ്ടറ പടപ്പക്കര സ്വദേശി ജോൺസന്റെ ദുരുഹ മരണം സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മക്കളായ അമൃതാ ജോൺസൺ, അലീന ജോൺസൺ എന്നിവരാണ് ഡിജിപിയെ കാണാനെത്തിയത്. അമൃത പ്ലസ് വൺ വിദ്യാർത്ഥിനിയും ,അലീന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ആണ്. 2018 നവംബർ 12നാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജോൺസൺ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. മൊബൈൽ ഫോണിൽ വിളി വന്നതിനെത്തുടർന്ന് രാത്രി ഏഴരയോടെ ഓട്ടോറിക്ഷയുമായി പുറത്തു പോയ ജോൺസൺ പിന്നീട് എഴു കിലോമീറ്റർ അകലെ ചന്ദനത്തോപ്പിനടുത്ത് റോഡരികിൽ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വാഹനാപകടമെന്ന് പോലീസ് പറഞ്ഞെങ്കിലും ഓട്ടോറിക്ഷയിൽ എതെങ്കിലും വാഹനമിടിച്ചതായി കാണാനില്ല. വാരിയെല്ല് തകർന്ന് ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട് പറയുന്നു. രാത്രിയിൽ വിളിച്ചഫോൺകോളുകൾ സംബന്ധിച്ച അന്വേഷണവും പോലീസ് നടത്തിയില്ല . പരാതിയുമായി പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും കുണ്ടറ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. മാതാവ് വിദേശത്ത് വീട്ട് ജോലിക്കാരിയായതിനാൽ ഒറ്റപ്പെട്ട് പോയ ഇരുമക്കളെയും ശിശുക്ഷേമ സമിതിയുടെ ഇടപെടലിൽ സ്കൂളിനോട് ചേർന്ന ഓർഫനേജിൽ താമസിപ്പിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാമെന്ന് ഡിജിപി ഇവരോട് പറഞ്ഞു.