കൊട്ടാരക്കര: കാലവർഷക്കെടുതികൾ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവർക്കു സഹായം എത്തിക്കുന്നതിനുമായി കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനമായ കൊട്ടാരക്കരയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു പ്രവർത്തനം ആരംഭിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി. വിനോദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 0474 – 2450868 ,9497931000 , 9497975183 എന്നീ നമ്പറുകളിൽ പൊതു ജനങ്ങൾക്ക് 24 മണിക്കൂറും വിവരങ്ങൾ അറിയിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അപ്പോൾ ലഭിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിനു കൈമാറി. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് വേണ്ട നിർദേശങ്ങളും നൽകിയിട്ടുള്ളതും ജില്ലയിലെ എല്ലാ പോലീസ് ഓഫീസർമാർക്കും മുഴുവൻ സമയവും മഴക്കെടുതിയിൽ സഹായ പ്രവർത്തനത്തിന് ആവശ്യം വേണ്ട സാധന സാമഗ്രികളുമായി സജ്ജരായിരിക്കാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളതും, അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ജീവൻ രക്ഷ ഉപകാരണങ്ങളായ ലൈഫ് ജാക്കറ്റുകൾ, ലൈഫ് ബോയേകൾ , അസ്കാ ലൈറ്റുകൾ മറ്റ് എമർജൻസി ലൈറ്റുകൾ, കൂടാതെ വൈദ്യുതി തടസം ഉണ്ടായാൽ ഉപയോഗിക്കുന്നതിലേക്കു ജനറേറ്ററുകളും കരുതിയിട്ടുണ്ട്.
എല്ലാത്തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളും നേരിടത്തക്ക രീതിയിൽ പോലീസ് സജ്ജമാണെന്നും, ജനങ്ങൾ ഭയമില്ലാതെ സമചിത്തതയോടെ മഴക്കാലത്തെ നേരിടാൻ പോലീസിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ. പി എസ് അറിയിച്ചു.