തിരുവനന്തപുരം: വാഹനങ്ങളുടെ ചില്ലിൽ കറുത്ത ഫിലിം ഒട്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പിന് ഗതാഗത സെക്രട്ടറിയുടെ നിർദേശം. വാഹനത്തിന്റെ അകത്തേയ്ക്കുളള കാഴ്ച മറച്ച് കർട്ടൻ സ്ഥാപിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ട്.
മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാറിൽ കറുത്ത ഫിലിം ഒട്ടിച്ചതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണു നിർദേശം. കറുത്ത ഫിലിം ഒട്ടിക്കുന്നതു നിരോധിച്ച് നേരത്തേ തന്നെ ഹൈക്കോടതി ഉത്തരവുണ്ട്. ഈയിടെ ഇതു സംബന്ധിച്ച് ഒരു ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയിരുന്നു.