ഓയൂർ: വെളിയം തുലവിളയിലെ കെഐപി കനാൽ പാലത്തിലൂടെ അമിത ഭാരം കയറ്റി വന്ന ടിപ്പർ നാട്ടുകാർ തടഞ്ഞു. പാലത്തിനു ബല ക്ഷയം ഉണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പാലത്തിന്റെ ബല ക്ഷയം സ്ഥിതീകരിച്ചതാണ് .
തുടർന്ന് അമിത ഭാരം കയറ്റി വരുന്ന ടിപ്പറുകളെ നിരോധിച്ചുകൊണ്ട് കൊട്ടാരക്കര കെഐപി എക്സിക്യൂട്ടീവ് എഞ്ചിനീയർ പാലത്തിൽ നിരോധിത ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ അതിനെ മറികടന്നു തുടർന്നും വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നു . അതിൽ പ്രതിക്ഷേധിച്ചു നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും വേണ്ട രീതിയിലുള്ള അന്വേഷണം ഉണ്ടാകാത്തതിനാൽ കഴിഞ്ഞ ദിവസം 11 നു അമിത ഭാരവുമായി വന്ന ടിപ്പർ നാട്ടുകാർ തടയുകയായിരുന്നു.
കൊട്ടാരക്കരയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫിറോസ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിജി അലോഷ്യസ് ,അമൽ രാജ് എന്നിവർ സ്ഥലത്തെത്തി ടിപ്പർ കസ്റ്റഡിയിൽ എടുത്തു. അനുവദനീയമായ ഭാരത്തിനു പുറമെ 10 ടൺ ഭാരം കൂടി നിറച്ചതിനാൽ 12000 രൂപ പിഴ ഈടാക്കി. പൂയപ്പള്ളി എസ്ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ടിപ്പറിനെതിരെ കേസ് എടുത്തു.
