കൊട്ടാരക്കര : പ്രായാധിക്യത്താൽ അവശയായ ‘അമ്മ’ , ബുദ്ധിസ്ഥിരത കുറഞ്ഞ മാതൃസഹോദരി പുത്രി ഇരുവർക്കും സംരക്ഷണ കവചമൊരുക്കേണ്ട മക്കളും സഹോദരങ്ങളുമായവർ തിരിഞ്ഞുപോലും നോക്കാതെ ഇരുളടഞ്ഞ അനാഥത്വത്തിൻറെ ദുരിതക്കയത്തിൽ മുങ്ങിത്താണുപ്പോയ ഇവർക്ക് ആശ്രയ സങ്കേതം സാന്ത്വനത്തിന്റെ കൈത്താങ്ങൊരുക്കി.
നെടുവത്തൂർ പഞ്ചായത്തിൽ നീലേശ്വരം കൊച്ചുവിളവീട്ടിൽ ആന്ദവല്ലി (68 ) സഹോദരി പുത്രി ഇന്ദിര (53 ) എന്നിവരെയാണ് ആശ്രയ ഏറ്റെടുത്തത്.
രണ്ട് ആൺമക്കളാണ് ആന്ദവല്ലിയ്ക്കുള്ളത് കൂടെ മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ട്ടപ്പെട്ട സഹോദരി പുത്രി ഇന്ദിരയും . രണ്ട് ആണ്മക്കളും വിവാഹിതരായി സ്വന്തം കാര്യം നോക്കിപ്പോയതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആന്ദവല്ലിയും ഇന്ദിരയും പരസ്പരം താങ്ങായി നിൽക്കുകയായിരുന്നു. ഏതു സമയവും നിലം പൊത്താറായ കൊട്ടാരക്കര – കൊല്ലം റയിൽവേ ലൈനിനടുത്തുള്ള കൊച്ചുകുടിലിലാണ് ഇരുവരും കഴിഞ്ഞിരുന്നത് .
പ്രായാധിക്യത്തിൻറെ അവശതകൾ ആന്ദവല്ലിയുടെ ശാരീരികബലത്തെ തകർക്കുകയും എണീറ്റ് നടക്കാൻ കഴിയാതെ തീർത്തും കിടപ്പിലായതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത് .
പക്ഷെ ഇന്ദിര തന്നാൽ കഴിയും വിധം അവരെ സ്നേഹത്തോടെ പരിചരിച്ചു. വാർദ്ധക്യകാല പെൻഷൻ കിട്ടുന്നുണ്ടെങ്കിലും തുച്ഛമായ തുകയിൽ ആശുപത്രി ചിലവും , ജീവിത ചിലവും താങ്ങാൻ കഴിയാതെ വന്ന സമയങ്ങളിൽ പരിസരവാസികളാണ് സഹായിച്ചിരുന്നത്.
പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ ശാരീരിക മാനസിക അസ്വസ്ഥതകൾ കീഴടക്കിയ രണ്ട് മനുഷ്യക്കോലങ്ങളുടെ ദയനീയ ജീവിതം കൊട്ടാരക്കര സി .ഐ ശിവപ്രകാശ് , നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. പി . ശ്രീകല , വാർഡ് മെമ്പർ ജലജ സുരേഷ് എന്നിവർ കലയപുരം ആശ്രയയുടെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഏറ്റെടുക്കുകയുമാണുണ്ടായത്.
ജനമൈത്രി പോലീസ് എസ്.ഐ മണിയൻപിള്ള , സിവിൽ പോലീസ് ഓഫീസർമാരായ രാജീവൻ , ജ്യോതി സാമൂഹ്യപ്രവർത്തകരായ ആർ. രാജശേഖരൻപിള്ള , നെടുവത്തൂർ ചന്ദ്രശേഖരൻ , ഭാസ്ക്കരൻ , ബാബു , മോഹൻദാസ്, നെടുവത്തൂർ ഗാലക്സി ക്ലബ് പ്രസിഡന്റ് ആരോമൽ , സെക്രട്ടറി വിധു ബാബു മറ്റ് ഭാരവാഹികൾ , നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസും സഹപ്രവർത്തകരും ചേർന്ന് ഇരുവരെയും ഏറ്റെടുത്തു