ആയൂർ : കൊല്ലം റോഡ് എംസി റോഡുമായി ചേരുന്ന ആയൂർ കാഷ്യു ഫാക്ടറിക്കു സമീപം അപകടങ്ങൾ പതിവാകുന്നു . എംസി റോഡിൽ നിന്നു കൊല്ലം റോഡിലേക്കും ,കൊല്ലം റോഡിൽ നിന്നും എംസി റോഡിലേക്കും പ്രവേശിക്കാൻ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ് .
വേഗ നിയന്ത്രണത്തിലുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇട റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ ഏറെ സാഹസപ്പെട്ടാണ് എംസി റോഡിലേക്കു പ്രവേശിക്കുന്നത് . കഴിഞ്ഞ ദിവസം ഇവിടെ കാർ ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. എംസി റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിൽ വേഗത കുറയ്ക്കുവാനുള്ള സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവിശ്യം ഉയർന്നിരുന്നു എന്നാൽ ഇതിനു വേണ്ട നടപടി ഇതുവരെ ഉണ്ടായിട്ടില്ല
. എംസി റോഡിലൂടെ കൊട്ടാരക്കര ഭാഗത്തേക്കു പോകുന്ന വാഹനങ്ങളിൽ സ്ഥല പരിചയം ഇല്ലാത്തവർ എംസി റോഡണെന്നു കരുതി ഇവിടെവച്ചു കൊല്ലം റോഡിലേക്കു പ്രവേശിക്കുന്നു. സ്ഥലത്തെ സൂചിപ്പിക്കുന്ന ദിശാ സൂചിക ഉണ്ടെങ്കിലും ഉയരത്തിലാണു സ്ഥാപിച്ചിരിക്കുന്നത് പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽ പെടില്ല. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇവിടെ വേഗ നിയന്ത്രണ സംവിധാനങ്ങളും, അപകട മുന്നറിയിപ്പിനുള്ള ബോർഡുകളും സ്ഥാപിക്കണമെന്ന ആവിശ്യം ശക്തമാണ്
