കൊല്ലം റൂറൽ പോലീസ് ജില്ലയിൽ പുതുതായി ആരംഭിച്ച പിങ്ക് പട്രോൽ വാഹനങ്ങളുടെ ഫ്ളാഗ് ഓൺ കർമ്മം കൊട്ടാരക്കര ജില്ലാ പോലീസ് ഓഫീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി സൈമൺ ഐ. പി. എസ് നിർവ്വഹിച്ചു.
സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യുന്നവർ ഇനി കുറച്ച് സൂക്ഷിക്കുന്നത് നന്നാവും. നിങ്ങളെ പിന്തുടർന്ന് മറ്റൊരു സ്ത്രീ സംഘം വരുന്നുണ്ട്. ആരാണന്നല്ലെ, സ്ത്രീസുരക്ഷ കർശനമാക്കാൻ കേരള പോലീസിന്റെ പുതിയ പട്രോൾ സംഘം. പിങ്ക് പട്രോൾ എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തിൽ പൂർണമായും വനിതാ പോലീസ് ഓഫീസർമാരാണുള്ളത്. സ്ത്രീകൾക്ക് നേരെയുളള അക്രമങ്ങളെ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ഉടനടി പിങ്ക് പട്രോൾ വാഹനങ്ങൾക്ക് കൈമാറുകയും തുടർന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പിങ്ക് പട്രോൾ സഹായത്തിനും വിവരങ്ങൾ അറിയിക്കുന്നതിനും 1515 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൺട്രോൾ റൂം വാഹനം കഴിയുന്നത്ര വേഗം എത്തി സുരക്ഷാ നടപടികൾ സ്വീകരിക്കും.കൂടാതെ പൊതുസ്ഥലങ്ങളിലും സ്കൂൾ, കോളേജ്, ഓഫീസുകൾ ലേഡീസ് ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഈ സംഘം പട്രോളിങ് നടത്തും.