കുമ്പനാട് : മരണവീട്ടില്‍ ബന്ധു ചമഞ്ഞെത്തിയ ക്രിമിനല്‍ പിടിയില്‍. കുമ്പനാട് ചിറ്റഴേത്ത് റിജോ മാത്യുവിന്റെ വീട്ടിലെ സംസ്കാര ശുശ്രൂഷകള്‍ ഇന്ന് നടന്നുകൊണ്ടിരിക്കെയാണ് സംശയം തോന്നി പോലീസില്‍ അറിയിച്ചതും പ്രതി പിടിയിലായതും. കാഞ്ഞിരപ്പള്ളി – കാളകെട്ടി അമ്പാട്ട് വീട്ടില്‍ ദേവസ്യയുടെ മകന് ഫ്രാന്‍സിസ് (36) നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
രാവിലെ മുതല്‍ മരണവീട്ടില്‍ സജീവമായി ഇയാള്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് മുകള്‍നിലയില്‍ പോയി കുളിക്കുകയും വിശ്രമിക്കുകയും ചെയ്തു. വിദേശത്തുള്ള ബന്ധുക്കള്‍ പലരും എത്തിയിട്ടുള്ളതിനാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. ബന്ധുക്കള്‍ ആരെങ്കിലും ആയിരിക്കും എന്നാണ് മറ്റുള്ളവര്‍ കരുതിയത്. എന്നാല്‍ ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നി ചോദ്യം ചെയ്യുകയും തുടര്‍ന്ന് പോലീസിനെ വിളിക്കുകയുമായിരുന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ മരിച്ചുകിടക്കുന്ന അപ്പച്ചന്റെ സുഹൃത്ത് ആണെന്നായിരുന്നു ഇയാളുടെ മറുപടി. ഇതാണ് സംശയത്തിനു കാരണമായത്. കോയിപ്രം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് 27 കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലാണിതെന്നു മനസ്സിലായത്. ഇയാളുടെ പക്കല്‍ നിന്നും ബോധം കെടുത്തുവാനുള്ള പല സാധനങ്ങളും കണ്ടെടുത്തു. പെപ്പര്‍ സ്പ്രേ ഉള്‍പ്പെടെയുള്ളവ ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു. മോഷണവും ക്വട്ടേഷനുമാണ് തന്റെ ജോലിയെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മരണവീടുകളും കല്യാണവീടുകളുമാണ് ഇയാള്‍ കൂടുതല്‍ താല്പര്യം എടുക്കുന്നത്. അവിടെയുള്ള തിരക്കില്‍ ആരും കണ്ടുപിടിക്കില്ല എന്നതാണ് ഇതിനു കാരണം.