കൊട്ടാരക്കര: കൊട്ടാരക്കര ദേശം പടിഞ്ഞാറ്റിൻകര സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ കൊട്ടാരക്കര ഗണപതിക്ഷേത്ര ഉത്സവത്തിന് വേറിട്ട കെട്ടുകാഴ്ചകളൊരുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ഞൂറിൽപ്പരം കലാകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കെട്ടുകാഴ്ചയിൽ ദേശം ഇഴുകിച്ചേരുന്നത്. വണ്ടിക്കുതിര, വണ്ടിക്കാള, പാവക്കൂത്ത്, മുരുക മയിൽ, പമ്പമേളം, കരകാട്ടം, പൂക്കാവടി, ആദിവാസി നൃത്തം, വേൽകളി, രഥം, ഗരുഡൻ പറപ്പ്, പരുന്താട്ടം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചാരിമേളം, കൊട്ടക്കാവടി, ഗണപതി, അമ്മൻകുടം, മഹാവിഷ്ണു, ഹനുമാൻ, അർദ്ധനാരീശ്വരൻ, നരസിംഹാവതാരം എന്നീ ഇനങ്ങളുമായാണ് കെട്ടുകാഴ്ചയിൽ ദേശമെത്തുന്നത്. വൈകിട്ട് 3.20ന് റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ സാംസ്കാരിക സംഗമം സംഘടിപ്പിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള, ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ കെ.അനിൽകുമാർ അമ്പലക്കര, ഡോ.ജെ.രാജഗോപാലൻ നായർ എന്നിവർ ചേർന്ന് സംഗമത്തിന് ഭദ്രദീപ പ്രകാശനം നടത്തും. സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യവും ഉണ്ടാകും. വിദ്യാഭ്യാസ സ്കോളർഷിപ്പ്, ആതുര ധനസഹായ വിതരണം, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടക്കും. തുടർന്ന് കെട്ടുകാഴ്ച സമാരംഭിച്ച് ക്ഷേത്ര ഉത്സവത്തിനൊപ്പം ചേരും. 6ന് ഫോക്ക് മെഗാഷോയും റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ നടത്തും. ഗണപതി ക്ഷേത്ര ഉപദേശക സമിതിയുമായി പൂർണ്ണ സഹകരണത്തിലാണ് ദേശത്തിന്റെ ഉത്സവ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനപരിപാടികൾ നടത്തിയതും ദേശത്തിന്റെ ചുമതലയിലാണ്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ആർ.ശിവകുമാർ, സെക്രട്ടറി എസ്.അരുൺ കാടാംകുളം, രക്ഷാധികാരി ചിറയത്ത് അജിത്ത് കുമാർ, എം.എസ്.സന്തോഷ്, തേവലപ്പുറം അനിൽ, മനു.ബി.നായർ, പള്ളിക്കൽ അനിൽ, ബി.പ്രേമൻ എന്നിവർ പങ്കെടുത്തു.
