കൊട്ടാരക്കര: വാഹനത്തിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയ 20,000 കവർ നിരോധിച്ച പുകയില ഉത്പന്നങ്ങൾ പിടികൂടി. തമിഴ്നാട് സ്വദേശി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. അഞ്ചൽ പനയഞ്ചേരി മംഗലപ്പള്ളി വീട്ടിൽ ശശാങ്കൻ പിള്ള(61), അഞ്ചൽ തഴമേൽ പുതുവീട്ടിൽ രാജീവ്(48), തമിഴ്നാട് ചെങ്കോട്ട വല്ലം സ്വദേശി ദുരൈ(45) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
എർട്ടിക്ക കാറും ലൂണ സ്കൂട്ടറും ഇവരിൽ നിന്നും പിടിച്ചെടുത്തു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലേക്ക് ലൂണ സ്കൂട്ടറിൽ തമിഴ്നാട് സ്വദേശി പാൻമസാല വിൽപ്പന നടത്തുന്നതായി വാളകം പൊലീസ് എയ്ഡ് പോസ്റ്റിൽ രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കാറിൽ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങൾ ദുരൈ സ്കൂട്ടറിൽ സഞ്ചരിച്ചാണ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നൽകുന്നത്. നൂറ് മീറ്റർ ദൂരത്തിൽ കാർ മാറ്റിയിടും. ഒരു കടയിൽ സാധനം കൊടുത്ത ശേഷം ദുരൈ കാറിനടുത്തെത്തി വീണ്ടും അടുത്ത കടയിലേക്കുള്ള പുകയില ഉത്പന്നങ്ങളുടെ പായ്ക്കറ്റ് എടുക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും ഇവർ ഇത്തരത്തിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. പൊലീസ് ആദ്യം ദുരൈയെ പിടികൂടി. ചോദ്യം ചെയ്യലിൽ തൊട്ടുപിന്നാലെയുള്ള വാഹനത്തിന്റെ വിവരങ്ങൾ വ്യക്തമാവുകയും ശശാങ്കൻ പിള്ളയെയും രാജീവിനെയും കാർ സഹിതം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. എട്ട് ചാക്കുകളിലായി 20,000 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. തമിഴ് നാട്ടിൽ നിന്നാണ് ഇവർ പാൻമസാല കൊണ്ടുവരുന്നതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം അവിടേക്കും വ്യാപിപ്പിക്കും. കൊട്ടാരക്കര സി.ഐ എസ്.ന്യൂഅ്മാൻ, എസ്.ഐ പി.ഹരിലാൽ, എ.എസ്.ഐ വിജയകുമാർ, സി.പി.ഒ ഹരിലാൽ, ഹോംഗാർഡ് തുളസി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.