കൊട്ടാരക്കര: പതിമൂന്നുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ വിലങ്ങറ വിയന്തൂർ വിനീത ഭവനിൽ വിക്രമൻ പിള്ള(ജഗദീശൻ-57)യെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. വിഷുദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് കോൺവെന്റിൽ നിന്ന് പഠിക്കുന്ന കുട്ടി അവധിക്കാലത്ത് വീട്ടിലേക്കെത്തിയതാണ്. അമ്മായിയുടെ വീട്ടിലാണ് അവധിക്കാലത്ത് താമസിക്കുന്നതെങ്കിലും വിഷുക്കൈനീട്ടം വാങ്ങാനായി അച്ഛൻ താമസിക്കുന്ന സ്വന്തം വീട്ടിലേക്ക് പോയതാണ്. അച്ഛന്റെ സുഹൃത്തും കൂലിപ്പണിക്കാരനുമായ വിക്രമൻ പിള്ള വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെത്തി വിഷുക്കൈനീട്ടം തരാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിച്ചു. കുട്ടി പോകാൻ കൂട്ടാക്കാതെ വന്നതോടെ വിക്രമൻ പിള്ള വീട്ടിലെത്തുകയും കതക് അടച്ച ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. കുതറിമാറി നിലവിളിയോടെ പുറത്തേക്കോടിയ പെൺകുട്ടി പിന്നീട് രക്ഷിതാവിനെക്കൂട്ടി കൊട്ടാരക്കര വനിതാസെല്ലിൽ പരാതി നൽകി. വിക്രമൻ പിള്ള പിന്നുകൊണ്ട് കുത്തി വേദനിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്. വനിതാ സെല്ലിൽ നിന്നും കൊട്ടാരക്കര പൊലീസിന് കൈമാറിയ കേസിലാണ് സി.ഐ. എസ്.ന്യുഅ്മാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
