കൊട്ടാരക്കര: ഇഞ്ചക്കാട് തിരുവേളിക്കോട് മഹാദേവർ ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ച് നടന്ന പുരുഷാംഗനമാരുടെ താലപ്പൊലി ഭക്തി നിർഭരമായി. ഉദ്ദിഷ്ട കാര്യസിദ്ധിക്കായാണ് ഇവിടെ പുരുഷന്മാർ സ്ത്രീ വേഷമണിഞ്ഞ് താലമേന്തിയത്.
കുട്ടികളെ അമ്മമാരും യുവാക്കളെ സഹോദരിമാരും ഭർത്താക്കന്മാരെ ഭാര്യമാരും താലമെടുപ്പിച്ചു. ദീപാരാധനക്ക് ശേഷം മലക്കുട എഴുന്നളളത്ത് കിഴക്കേ മലമുകളിലെ ആയിരവില്ലിയിലെത്തി പൂജകൾക്കു ശേഷം തിരിച്ച് ക്ഷേത്രത്തിൽ എത്തിയപ്പോൾ താലപ്പൊലി തുടങ്ങി.
രാത്രി 9ന് ആരംഭിച്ച് ക്ഷേത്രത്തിന് മൂന്ന് തവണ പ്രദക്ഷിണം വച്ച് ക്ഷേത്രത്തിനുളളിൽ പ്രവേശിച്ച് മേൽശാന്തിയിൽ പ്രസാദം വാങ്ങിയതോടെ ചടങ്ങുകൾ അവസാനിച്ചു. ജില്ലക്ക് അകത്തും പുറത്തു നിന്നുമായി നൂറുകണക്കിന് പരുഷന്മാർ വ്രതനിഷ്ഠയോടെ സ്ത്രീ വേഷത്തിൽ താലമെടുത്തു. കൗതുകകരവും ഭക്തി നിർഭരവുമായ ചടങ്ങ് ദർശിക്കാൻ ആയിരങ്ങൾ കാണികളായെത്തിയിരുന്നു. 3വയസുകാരൻ മുതൽ 62 വയസ് വരെ പ്രായമുളളവർ ഈവർഷം താലമെടുത്തതായി കൺവീനർ ബി.ആർ പ്രദീപ് അറിയിച്ചു.