ന്യൂഡൽഹി: പ്രവാസി സംഘടനയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് രാജീവ് ജോസഫ് കോൺഗ്രസ്സിൽ ചേർന്നു. ഡെൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും, മുൻ ഡെൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്താണ് രാജീവ് ജോസഫിനെ വീണ്ടും കോൺഗ്രസ്സിലേക്ക് സ്വീകരിച്ചത്. “നരേന്ദ്ര മോദിയുടെ വർഗീയ ഭരണം മൂലം തകർന്നടിഞ്ഞ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും തിരിച്ചുപിടിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്” മാത്രമേ കഴിയൂവെന്ന് ഉറച്ച ബോധ്യം വന്നപ്പോഴാണ് കോൺഗ്രസിലേക്ക് തിരിച്ചുവരുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന്” രാജീവ് പറഞ്ഞു. “ദീർഘവീക്ഷണമില്ലാത്ത സാമ്പത്തികനയം മൂലം സാമ്പത്തികമായി ഇന്ത്യ തകർന്നിരിക്കുകയാണ്. സാധാരണക്കാരുടേയും ചെറുകിട കച്ചവടക്കാരുടേയും കയ്യിൽ പണമില്ലാതെ, ജീവിക്കാൻവേണ്ടി പൊതുജനം നെട്ടോട്ടം ഓടുന്നു. ഇതിനിടയിലാണ് കോർപ്പറേറ്റുകൾക്കുവേണ്ടി പ്രധാനമന്ത്രി ഊരുചുറ്റൽ നടത്തുന്നത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി 2014-ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയെ തകർത്ത് തരിപ്പണമാക്കുമെന്നും രാജീവ് പറഞ്ഞു. ഇപ്പോൾ രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുവാൻ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാരിനുമാത്രമേ കഴിയുകയുള്ളു. മതങ്ങളുടെ പേരിൽ ജനതയെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാജ്യഭരണം നടത്തുന്ന ബിജെപിയുടെ ഹൈന്ദവ സ്നേഹം വെറും കാപട്യമാണ്. അധികാര സോപാനങ്ങളിൽ ആയുസ്സുമുഴുവൻ കയറിയിരിക്കുവാൻ ഹിന്ദുമതത്തിന്റെ പേരിൽ ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ യഥാർത്ഥ ഹിന്ദുമത വിശ്വാസികൾ തിരിച്ചറിയണമെന്നും രാജീവ് ജോസഫ് പറഞ്ഞു”. കോൺഗ്രസിനല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇന്ത്യയെ ശരിയായ ദിശയിൽ നയിക്കുവാനാകില്ല. ഈ യാഥാർഥ്യം മനസ്സിലാക്കാതെ കോൺഗ്രസ്സ് വിട്ടുപോയതിൽ ഖേദമുണ്ടെന്നും രാജീവ് പറഞ്ഞു. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും, മരണംവരെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനുവേണ്ടി മാത്രം ജീവിക്കുമെന്നും രാജീവ് പറഞ്ഞു.
ജനകീയ വിഷയങ്ങളുമായി ഡൽഹിയിലും കേരളത്തിലുമായി 25-ലധികം സമരങ്ങൾക്ക് നേതൃത്വം നൽകിയ രാജീവ് ജോസഫ്, 2006 – 2007 കാലയളവിൽ കോൺഗ്രസ്സ് സേവാദളിന്റെ കേരള സംസ്ഥാന ഓഫീസറായും, 2007 – 2008 ൽ സോണിയാ ഗാന്ധിയുടെ വസതിയിലെ സേവാദൾ സെക്യൂരിറ്റി വോളന്റിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, ഡെൽഹിയിലെ ദക്ഷിണേന്ത്യക്കാരായ കോൺഗ്രസ്സ് പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് രാജീവ് തുടക്കം കുറിച്ച “കോൺഗ്രസ്സ് സൗത്ത് ഇന്ത്യൻ ഫോറം” എന്ന സംഘടന, അഞ്ചു വർഷത്തോളം നിരവധി രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിച്ച് ഡെൽഹിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടയിൽ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് 2009 -ൽ കോൺഗ്രസ്സിൽ നിന്നും രാജി വെക്കുകയും, ബഹുജൻ സമാജ് പാർട്ടിയുടെ സീറ്റിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ‘ഇന്ത്യൻ പ്രോഗ്രസ്സീവ് പാർട്ടിയെന്ന’ പേരിൽ പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുകയുമുണ്ടായി. ഇരിക്കൂറിലെ പരാജയത്തിനുശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തിവെച്ച് മാധ്യമ പ്രവർത്തനങ്ങളിൽ സജീവമായ രാജീവ്, മൂന്ന് വർഷത്തിനുശേഷം വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്, കോൺഗ്രസ്സിന്റെ മുൻ മാധ്യമ വക്താവായിരുന്ന ടോം വടക്കൻ കോൺഗ്രസ്സ് വിട്ടതോടെയാണെന്നത് ശ്രദ്ധേയമാണ്. പ്രവാസി ഇന്ത്യക്കാരുടെ സഹകരണത്തോടെ രാജ്യത്തെ 30 സംസ്ഥാനങ്ങളിലും വിവിധ ഭാഷകളിലായി 30 വെബ് ചാനലുകൾ രാജീവ് ആരംഭിച്ചിട്ടുണ്ട്.