കൊടുങ്ങല്ലൂർ : ഒരു മിനിറ്റ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ്സുടമയെയും മകനെയും തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി. കൊടുങ്ങല്ലൂർ – അഴീക്കോട് റൂട്ടിലോടുന്ന സുഹൈൽ എന്ന ബസ്സിന്റെ ഉടമ അഴീക്കോട് മേനോന് ബസാർ ചാലില്‍ ആസാദ് ആണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊടുങ്ങല്ലൂരിലെ സബീന ബസ്സുടമ കറുകപ്പാടത്ത് റഷീദ്, മകൻ റമീസ് എന്നിവരെ ഡീസലൊഴിച്ച് തീ വെയ്ക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. ഫെെബ്രുവരി 22 ന് രാത്രി ഒമ്പത് മണിയോടെ അഴീക്കോട് ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം. വർക്ക് ഷാപ്പിൽ ഇരിക്കുകയായിരുന്ന റഷീദിന്റയും റമീസിന്റെയും ദേഹത്ത് ഡീസൽ ഒഴിച്ച് ഇയാൾ തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. റഷീദിന്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഒരു മിനിറ്റ് വൈകിയോടിയെന്നതിന്റെ പേരിലായിരുന്നു ആക്രമണം.
