കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവവും മികവുകളുടെ പ്രദർശനവും കുരുന്നു പ്രതിഭകളുടെ സർഗശേഷി പ്രകടനത്തിന്റെ വേദിയായി .സ്കൂളിലെ പoനാനുഭവങ്ങളിലൂടെയും സമൂഹത്തിൽ നിന്നും അറിഞ്ഞും അറിയാതെയും കിട്ടിയ അറിവുകൾ കുട്ടികൾ വേദിയിൽ ആവിഷ്ക്കരിച്ചു. പൊതു വിദ്യാലയങ്ങൾ മികവിന്റെ ഉന്നതിയിലെത്തി എന്നതിന്റെ നേർകാഴ്ചയായി സ്കൂളിലെ പഠനോത്സവം മാറി. പഠനോത്സവ വേദിയിൽ പാഠഭാഗങ്ങൾ കവിതകളായും നൃത്തരൂപങ്ങളായും ലഘു നാടകങ്ങളായും കഥാപ്രസംഗ രൂപത്തിലും, മൂകാഭിനയത്തിലൂടെയും കുട്ടികൾ അവതരിപ്പിച്ചു.മാതാപിതാക്കൾ ഉൾപ്പെടെ നിരവധി പേർ സദസ്യരായി എത്തിയിരുന്നു. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു. പഠനോൽസവം നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ശ്രീകല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ .വി അദ്ധ്യക്ഷത വഹിച്ചു. ബി ആർ സി ട്രെയിനർ മഞ്ജു.ഐ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാവന എം.ബി, സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ, സ്കൂൾ മാനേജർ കെ . സുരേഷ് കുമാർ, അദ്ധ്യാപകരായ ജയകുമാരി ജെ എസ് , വിമൽ രാജ്, പി. ടി.എ വൈസ് പ്രസിഡന്റ് രാജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
