കൊട്ടാരക്കര: താലൂക്കാശുപത്രിയിൽ ഡയാലിസിസ് യൂണീറ്റ് മന്ത്രി കെ.കെ.ഷൈലജ ഇന്ന് 2 ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തൊട്ടാകെ കിഫ്ബിയിൽ ഉൾപ്പെടുത്തി 67 കോടി ചെലവിൽ 44 ഡയാലിസിസ് സെന്ററുകൾ അനുവദിച്ചതിലൊന്നാണ് കൊട്ടാരക്കരയിലേതെന്ന് അയിഷാപോറ്റി എം.എൽ.എ, നഗരസഭാധ്യക്ഷ ബി.ശ്യാമളയമ്മ, ആശുപത്രി സൂപ്രണ്ട് ബിജു.ബി.നെൽസൺ എന്നിവർ പറഞ്ഞു.
ഒമ്പത് ഡയാലിസിസ് യൂണീറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. യൂണീറ്റിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കെ.എം.എസ്.സി.എൽ. വഴി ലഭ്യമാക്കിയിട്ടുണ്ട്. സെന്റർ നടത്തിപ്പിനായി നാല് ഡയാലിസിസ് ടെക്നീഷ്യൻമാരെ ആശുപത്രി മാനേജ്മന്റ് കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ഒരു സ്റ്റാഫ് സർജനും നാല് നഴ്സുമാരും ഇതിനായി പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ ലഭ്യമാകുന്ന മുറയ്ക്ക് മൂന്നു ഷിഫ്ടുകൾ വരെയായി പ്രവർത്തനം നീട്ടും. 27 പേർക്കു വരെ ഒരു ദിവസം ഡയാലിസിസ് ചെയ്യാൻ കഴിയും. ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാനായി നഗരസഭ കുഴൽക്കിണർ നിർമ്മിച്ചു നൽകും. പൊതുവിഭാഗത്തിൽ പെടുന്നവർക്ക് 600 രൂപയും പട്ടികജാതി വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.