കൊട്ടാരക്കര : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപെട്ട് ബുധനാഴ്ച രാത്രിയോടെ കൊട്ടാരക്കരയിൽ പലയിടങ്ങളിലും സംഘട്ടനം നടന്നു. ബി. ജെ. പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പലയിടങ്ങളിലും ഡി. വൈ. എഫ്. ഐ പ്രവർത്തകരെ ആക്രമിച്ചു. കൊട്ടാരക്കര പള്ളിക്കൽ ആലംചേരി ജംഗ്ഷനിൽ ബുധനാഴ്ച രാത്രി 8 മണിയോടെ ബി. ജെ. പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ ഡി. വൈ. എഫ്. ഐ പ്രവർത്തകനായ പള്ളിക്കൽ ആലംഞ്ചേരി എ. എ മൻസിലിൽ അജ്മൽ ഷാ (18) നെ ഒരു സംഘം ബി. ജെ. പി പ്രവർത്തകർ ആക്രമിക്കുകയുണ്ടായി. ആക്രമണത്തിൽ കൈക്ക് പൊട്ടലേറ്റ ഇയാൾ കൊട്ടാരക്കര താലൂക്കാശുപത്രിൽ ചികിത്സയിലാണ്. സംഭവ സമയം ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഡി. വൈ. എഫ്. ഐ പ്രവർത്തകരായ നഹാസും(19)ലുക്ക് മോൻ (19)എന്നിവർക്കും മർദ്ദനമേറ്റു. റോഡിന് സമീപം പ്രകടനം വീക്ഷിച്ചോണ്ട് നിന്ന തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ ബി. ജെ. പി യുടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 30 ഓളം പേർ ആക്രമിക്കുകയായിരുന്നുവെന്ന് അജ്മൽ ഷാ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബുധനാഴ്ച്ച രാത്രി പത്തരയോടെ കൊട്ടാരക്കര കോട്ടാത്തലയിൽ വച്ച് ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി. വൈ. എഫ്. പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. ആനക്കോട്ടൂർ ബിബിൻ ഭവനിൽ വിജിത് (25), വല്ലം നെടിയ വിള വീട്ടിൽ വിഷ്ണു (26) എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വേണ്ടാറിൽ നിന്നും കൊട്ടാരക്കരയിലേക്ക് വരും വഴി കോട്ടാത്തല ജംഗ്ഷനിൽ വച്ച് ഒരു സംഘം ഡി. വൈ. എഫ്. ഐ പ്രവർത്തകർ ബൈക്ക് തടഞ്ഞു നിർത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് അവർ കൊട്ടാരക്കര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിജിത്തിനെയും വിഷ്ണുവിനെയും ആക്രമിച്ചതറിഞ്ഞ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിയ ചാലൂക്കോണം സോപാനത്തിൽ അഖിൽ (23) നെയും ഡി. വൈ. എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതായും പൊലീസിൽ പരാതിയുണ്ട്. അഖിലിന് കാലിനാണ് പരിക്ക് പറ്റിയിട്ടുള്ളത്.മൂവരും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്
