തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. വിഴിഞ്ഞം ചൊവ്വര കാവുനടയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പട്ടം താണുപിള്ള സ്കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്.
അപകടസമയത്ത് പത്തോളം കുട്ടികള്‍ ബസിലുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. എല്ലാവരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴകാരണം ബസ് റോഡില്‍ നിന്നും തെന്നിമാറിയതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. കുട്ടികളുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
