കൊച്ചി: രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹവും ഭക്തരോടുളള ദ്രോഹവുമാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. രാഹുല്‍ ഈശ്വറും കൂട്ടരും കലാപത്തിനുളള ഗൂഢാലോചന നടത്തുകയായിരുന്നു. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സന്നിധാനത്ത് രക്തംചീന്തി നട അടപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നാണ് രാഹുല്‍ ഈശ്വറിൻ്റെ വെളിപ്പെടുത്തല്‍. ഇതോടെ വിശ്വാസിസമൂഹത്തെ വഞ്ചിക്കാന്‍ രാഹുലും കൂട്ടരും നടത്തിയ നീക്കങ്ങള്‍ എത്ര വലുതായിരുന്നുവെന്ന് വ്യക്തമാണ്. രാഹുല്‍ ഈശ്വറും ആര്‍എസ്എസും മറ്റ് സംഘപരിവാര്‍ ശക്തികളും ഒരമ്മ പെറ്റ മക്കളെപ്പോലെ മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ നിന്നു. ഇവരെ വേര്‍തിരിച്ച് കാണാന്‍ കഴിയില്ല. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നില്ല അവരുടെ ഉദ്ദേശം. സ്വന്തം നിക്ഷിപ്ത താല്പര്യം നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വലിയൊരു യുദ്ധതന്ത്രമായിരുന്നു രാഹുല്‍ ഈശ്വറും കൂട്ടരും നടത്തിയത്. ശത്രുരാജ്യങ്ങളെ ആക്രമിക്കുന്ന സൈനിക തന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചത്. കേരളാ പൊലീസിൻ്റെ ആത്മസംയമനമാണ് അപകടകരമായ സാഹചര്യത്തില്‍ നിന്ന് ശബരിമലയെ രക്ഷിച്ചത്. എന്തിനാണ് ഇതൊക്കെ ചെയ്തതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളെയെങ്കിലും ബോദ്ധ്യപ്പെടുത്തണമെന്നും കടകംപളളി ആവശ്യപ്പെട്ടു.
