പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൻ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോർഡംഗം കെ പി ശങ്കർദാസ്. ആചാരങ്ങൾ ലംഘിച്ചാൽ നട അടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരികർമികളുടെ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും ശങ്കർദാസ് ആരോപിക്കുന്നു. കോടതി വിധി അംഗീകരിക്കാൻ തന്ത്രി ബാധ്യസ്ഥനാണ്. അത് പാലിക്കപ്പെടാത്ത സാഹചര്യത്തിൽ തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാകും. പതിനെട്ടാം പടിക്ക് സമീപം പ്രതിഷേധം നടത്തിയ പരികർമികളോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. പൂജയിൽ മേൽശാന്തിമാരെ സഹായിക്കുക എന്നതാണ് പരികർമികളുടെ ജോലി, സമരം ചെയ്യലല്ലെന്നും ശങ്കർദാസ് പറയുന്നു.
