കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര സർക്കാർ യു പി സ്കൂളിലെ വാട്ടർ ടാങ്കിൽ ചത്ത നായ്ക്കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കൊട്ടാരക്കര പൊലീസ്. എസ് ഐ കെ എസ് മനോജിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം. പൊലീസ് സ്കൂളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തി.സ്കുളിന്റെ പരിസരങ്ങളിലുള്ള സാമൂഹ്യ വിരുദ്ധരെയും മദ്യപാനികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്. സ്കൂൾ പരിസരങ്ങളിൽ സംശയമുള്ള പലരും പൊലീസ് നിരീക്ഷണത്തിലാണ്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിൽ നിന്നും അറിയാൻ കഴിയുന്നത്.സർക്കാർ അധീനതയിലുള്ള പൊതു വിദ്യാലയത്തിൽ കൊച്ചു കുട്ടികളുടെ കുടിവെള്ളം സംഭരണിയിൽ നിഷ്ടൂരമായ പ്രവർത്തി ചെയ്ത പ്രതികളെ പിടി കൂടണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. സ്വകാര്യ മാനേജ്മെന്റ് സ്കൂളിനെ വെല്ലുന്ന രീതിയിൽ പശ്ചാത്തല സൗകര്യവും പഠന നിലവാരവുമായി മുന്നോട്ട് പോകുന്ന പൊതു വിദ്യാലയത്തോട് കാണിച്ച ഇത്തരം നീച പ്രവർത്തി ചെയ്തവരെ പിടി കൂടി നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പറയുന്നു. സ്കൂളിൽ ഇത്തരത്തിൽ അനിഷ്ട സംഭവം ഉണ്ടായ സാഹചര്യത്തിൽ സ്കൂളിലും പരിസരത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം തീരുമാനിച്ചു.ഉടൻ തന്നെ ഇവ സ്ഥാപിക്കും. രാത്രി കാല പട്രോളിംഗ് ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്
