കൊട്ടാരക്കര: ഒരു കിലോ പത്തു ഗ്രാം കഞ്ചാവുമായി അടിപിടിക്കേസിലെ പ്രതിയെ കൊട്ടാരക്കര എക്സൈസ് സർക്കിൾ സംഘം പിടികൂടി. വർക്കല ചെമ്മരുതി ചരുവിള വീട്ടിൽ രാധാകൃഷ്ണൻ (53) ആണ് പിടിയിലായത്.തൃക്കണ്ണമംഗൽ ഇ.റ്റി.സി. ഭാഗത്ത് കഞ്ചാവ് വിൽപന നടന്നു വരുന്നതായ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അടിപിടിക്കേസിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ഇയാൾ അവിടെ വെച്ച് പരിചയപ്പെട്ട തമിഴ്നാടു സ്വദേശിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിവന്നിരുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങുകയും വിൽപന നടത്തുകയും ചെയ്തിട്ടുള്ളവരെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ബാബുവിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ബാബു സേനൻ,പ്രേം നസീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു.ബി എസ്, അനീഷ്.റ്റി.എസ്. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.