പുത്തൂർ: പുത്തൂർ പ്രീമെട്രിക് ഹോസ്റ്റലിൽ താമസ്സിച്ച് പഠിച്ചിരുന്ന വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. . കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകൻ മജീഷ്(15) ആണ് ഇന്ന് മരിച്ചത്. പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാത്ഥിയാണ്. പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചാണ് മജീഷ് പഠിക്കാൻ പോയിരുന്നത്. മൂന്ന് ദിവസംമുൻപ് സ്കൂളിൽ വച്ച് മജീഷിന് വീണ് പരിക്കേറ്റിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ കുട്ടിയെ എസ്.എൻ.പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതിന് ശേഷം മജീഷിന് കാലിന് വേദന കൂടിയപ്പോൾ അമ്മ സുനിതയെ ഹോസ്റ്റലിൽ വരുത്തി ഒപ്പം വിട്ടു. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറെ കണ്ടു. എക്സ്റേ എടുത്ത ശേഷം വീണ്ടും ഡോക്ടറെ കാണാൻ കാത്തിരുന്നപ്പോഴാണ് ഉച്ചയോടെ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പുത്തൂർ പൊലീസ് കേസെടുത്തു. മൃതദേഹം നാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.
