കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൻ്റെ നിര്‍മ്മാണ പ്രവർത്തികൾ നിലച്ചതിനു പിന്നിൽ സ്വകാര്യ ലോബിയെന്നാരോപണം. താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി രോഗികള്‍ക്ക് ഉപകാരപ്രദമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ. അയിഷാപോറ്റി എം.എല്‍.എ. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും നിയമസഭയില്‍ ഉന്നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പാണ് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ അനുമതി ലഭിച്ചത്. നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. ട്രോമാകെയര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതിനായി സജ്ജീകരിച്ചത്. യൂണിറ്റിന്റെ ഭാഗിക നിര്‍മ്മാണ ജോലികള്‍ നടന്നെങ്കിലും മുറികളുടെ ഫര്ണ്ണിഷിംഗ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ഒരു വര്‍ഷത്തിലധികമായി ഈ ജോലികള്‍ മുടങ്ങികിടക്കുകയാണ്. ഇതുമൂലം യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡയാലിസിസിനായി രോഗികള്‍ വന്‍ തുക മുടക്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വരികയാണ്. ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാണ്. നിര്‍ദ്ദന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നടത്തുന്നതിന് ലക്ഷ്യമിട്ടാണ് ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്. അയിഷാ പോറ്റി എം.എല്‍.എ മുന്‍കൈ എടുത്താണ് യൂണിറ്റ് ഇവിടെ അനുവദിപ്പിച്ചത്. ഒരേ സമയം 10 പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള സംവിധാനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് . യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരു ദിവസം 160 പേര്‍ക്ക് ഡയാലിസിസ് നടത്താം. ഈ സേവനമാണ് കെടുകാര്യസ്ഥത മൂലം അട്ടിമറിക്കപ്പെടുന്നത്. നിലവില്‍ പുനലൂര്‍ താലൂക്ക് ആശുപത്രയിലും കൊല്ലം ജില്ലാ ആശുപത്രിയിലും മാത്രമാണ് സൗജന്യ നിരക്കിലുള്ള ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളതെല്ലാം സ്വകാര്യമേഖലയിലാണ്. സാധാരണകാരനും താങ്ങാന്‍ കഴിയാത്ത ഫീസാണ് ഇത്തരം സ്ഥാപനങ്ങള്‍ ഈടാക്കി വരുന്നത്. ഈ ഡയാലിസ് യൂണിറ്റിന്റെ നിര്‍മ്മാണ ചുമതല കെ.എച്ച്.ആര്.ഡബ്ലു. എസിനാണ്. ഈ സൊസൈറ്റിയുടെ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ് നിര്‍മ്മാണത്തിന്റെ മേല്‍ നോട്ട ചുമതല. ഇവരുടെ അനാസ്ഥയാണ് നിര്‍മ്മാണ വൈകുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. ജില്ലയുടെ മധ്യഭാഗത്തുള്ള കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത് താലൂക്കിന് പുറത്തുള്ള രോഗികള്‍ക്കു പോലും അനുഗ്രഹമാകേണ്ടതാണ്. പണമില്ലാത്തവന് ചികിത്സ നിക്ഷേപിക്കുന്നതിന് തുല്യമാണ് ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണം അട്ടിമറിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഡയാലിസിസ് യൂണിറ്റ് നിലച്ചു: പിന്നിൽ സ്വകാര്യ ലോബിയെന്നാരോപണം