കൊട്ടാരക്കര :നിയമപ്രശ്നങ്ങളും തർക്കങ്ങളും മൂലം നിർമ്മാണം നീണ്ടു പോയ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടം പുർത്തിയായി. ഉദ്ഘാടനം ജൂലൈ 9 ന് നടത്താനാണ് തീരുമാനം. ഇതിനുള്ള സ്വാഗത സംഘ രൂപീകരണം നടന്നു. താലൂക്ക് ഓഫീസ് ഒഴികെ മറ്റെല്ലാ സർക്കാർ ഓഫീസുകളും ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നവയാണ്. പുതിയ കെട്ടിടത്തിലേക്ക് ഓഫീസുകൾ മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മൂന്നു നിലകളാണ് പൂർത്തിയായിട്ടുള്ളത് .രണ്ടാം ഘട്ടമായി നാലാമത്തെ നിലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 18 സർക്കാർ ഓഫീസുകൾ കൂടി ഇവിടേക്ക് മാറ്റപ്പെടും. പൊതു ജനങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി പലയിടത്തും കയറിയിറങ്ങേണ്ടുന്ന അവസ്ഥക്ക് ഇതോടെ അറുതിയാകും. വാടകയിനത്തിൽ മാസാ മാസം നൽകി വന്നിരുന്ന വലിയ തുക സർക്കാരിനു ലാഭിക്കുകയും ചെയ്യാം. ഇതോട വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകളല്ലാം മിനി സിവിൽ സറ്റേഷനുള്ളിലാകും. കൊട്ടാരക്കര താലൂക്കിലെ ചിന്നിചിതറി കിടക്കുന്ന സർക്കാർ ഓഫീസുകൾ എല്ലാം ഇനി ഒരു കുടക്കീഴിൽ ആവും. അടുത്ത മാസത്തോടെ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ തുറന്ന് കൊടുക്കുന്നതോടെ ടൌണിലെ വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 15 സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഇങ്ങോട്ട് മാറ്റപ്പെടുക. താലൂക്കാഫീസ്, ജില്ലാ ട്രഷറി, സബ് ട്രഷറി, ആർ ടി ഒ ഓഫീസ്, കൃഷി ഓഫീസ്, ലീഗൽ മെട്രോളജി, വ്യവസായ ഓഫീസ്, മൃഗസംരക്ഷണ ഓഫീസ്, ജിഎസ്ടി, പി ഡബ്ലൂടി സൈറ്റ് ഓഫീസ്, സപ്ലെ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, ഇംപ്ലോയിമെൻ്റ് ഓഫീസ്, ഫുഡ് ഇസ്പെക്ടർ ഓഫീസ് തുടങ്ങിയ 15 ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഇവിടേക്ക് മാറുന്നത് . ദേശീയ പാതയോടു ചേർന്ന് കച്ചേരി മുക്കിനു സമീപത്തായിട്ടാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. അതി മനോഹരമായിട്ടാണ് ആധുനീക രീതിയിൽ കെട്ടിട നിർമാണം. ഇവിടെ നിർമ്മിച്ചിട്ടുള്ള മഴ വെള്ള സംഭരണി ഇതിനോടകം പൊതുജന ശ്രദ്ധ നേടിക്കഴിഞ്ഞു. നിർമ്മിതിയിലും ,സംഭരണ ശേഷിയിലും ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഈ സംഭരണി. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ പാർക്കിംഗ്, വിശ്രമമുറി, കാന്റീൻ, എന്നിവയും സജ്ജമാകും, വി. എസ് അച്ചുതാനന്ദൻ ഗവൺമെന്റിൻ്റെ അവസാന കാലഘട്ടത്തിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമാണമാരംഭിച്ചത്. ഇതിന് ശിലയിട്ടതും അദ്ദേഹമായിരുന്നു. പിന്നീടുടലെടുത്ത സാമ്പത്തിക പ്രശ്നങ്ങളും, നിയമ പ്രശ്നങ്ങളും മൂലം നിർമ്മാണം പല ഘട്ടങ്ങളിൽ മുടങ്ങി . അഡ്വ.പി അയിഷാ പോറ്റി എം.എൽ .എ മുൻ കൈ എടുത്ത് മന്ത്രി ജി. സുധാകരൻ്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതും, ഇപ്പോൾ ആദ്യഘട്ടം പൂർത്തിയായതും, അടുത്ത മാസം 9 ന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക. ഈ തീയതിക്ക് ചിലപ്പോൾ മാറ്റമുണ്ടായേക്കാമെന്നും എം.എൽഎ സൂചിപ്പിച്ചു.
