കൊട്ടാരക്കര: കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ഉള്ള പ്രമുഖ ജുവലറിയിൽ നിന്നും 8 പവൻ സ്വർണ്ണം പകൽ മോഷണം നടത്തിയ പ്രതിയെ കൊട്ടാരക്കര പൊലീസ് പിടികൂടി. പന്തളം പെരുമ്പുളിക്കൽ മന്നം നഗറിൽ വിജയ ഭവനത്തിൽ ഹരികൃഷ്ണൻ(23) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വിവാഹ ആവശ്യത്തിന് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന സ്വർണ്ണകടയിൽ എത്തി ജീവനക്കാരുമായി സംഭാഷണം നടത്തിയ ശേഷം 2 മാലയും 3 മൂന്നു വളകളും ഉൾപ്പെടെ 8 പവനോളം സ്വർണ്ണാഭരണങ്ങൾ എടുത്ത് ബൈക്കിൽ കയറി അമിത വേഗതയിൽ ഓടിച്ചു കടന്നു കളയുകയായിരുന്നു. . ജുവലറിയിലെ സി സി ടിവി ക്യാമറയിൽ നിന്നും ലഭിച്ച ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞു, സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ കൃഷ്ണപുരത്ത് നിന്നാണ് അറസ്റ്റു ചെയ്തത്. . പ്രതി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. മോഷ്ടിച്ചെടുത്ത സ്വർണ്ണം ചാരുംമൂടുള്ള സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച് പൈസ കൈക്കലാക്കിയ ശേഷം ആഡംബര ബൈക്കുകൾക്കും മറ്റുമായി വിനിയോഗിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ കൺട്രോൾ പോലീസ് സ്റ്റേഷനിൽ സാമ്പത്തിക തിരിമറി നടത്തിയതിനും , ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ടുള്ള കേസും പ്രതിക്ക് നിലവിലുണ്ട്.പ്രതിയെ ജുവല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ബി അശോകൻ്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ജെ.ജേക്കബിൻ്റെ നേതൃത്വത്തിൽ സി ഐ ഒ. എ സുനിൽ, എസ് ഐ സി.കെ മനോജ്, അഡീഷണൽ എസ് ഐ അരുൺ, എഎസ്ഐ വിജയൻപിള്ള, രാധാകൃഷ്ണൻ, സിപിഒ മാരായ ഗോപകുമാർ, ഹോച്മിൻ, സൈബർ സെൽ ഉദ്യാഗസ്ഥൻ ബിനു എന്നിവരടങ്ങിയ സംഘമാണ് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയത്
