കൊട്ടാരക്കര: കൊട്ടാരക്കരയിൽ പരക്കെ മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ കൊട്ടാരക്കര സ്റ്റേഷൻ പരിധിയിലുള്ള അമ്പലങ്ങളിലും, പള്ളികളിലും, കടകളിലും മോഷണം ന
ടത്തിയ യുവാവിനെ കൊട്ടാരക്കര പൊലീസ് മോഷണമുതലുമായി അറസ്റ്റു ചെയ്തു. തെന്മല ഇടമൺ-34 ചരുവിള പുത്തൻ വീട്ടിൽ സുരേഷ്(33) ആണ് പിടിയിലായത്. മുമ്പും പല മോഷണക്കേസിലും ശിക്ഷിക്കപ്പെട്ട് ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ മാസം ജയിൽമോചിതനായ ശേഷം വീണ്ടും മോഷണം നടത്തിവരികയായിരുന്നു. കൊട്ടാരക്കര ചന്തമുക്കിൽ ഉള്ള പെന്തക്കോസ്ത് ആരാധനാലയത്തിലും, മൈലം സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് സിറിയൻ വക കുരിശടി, ഡിവൈൻ മേഴ്സി മലങ്കര കാത്തലിക് ചർച്ച്, ദേവസ്യം ബോർഡ് അധീനതയിലുള്ള ഭരണിക്കാവ് ക്ഷേത്രം ഓഫീസ് കുത്തി തുറന്ന് 12,000 രൂപ മോഷണം നടത്തിയതും കൊട്ടാരക്കര റയിൽവേ സ്റ്റേഷൻ ഭാഗത്ത് ഒരു ദിവസം രാത്രിയിൽ 8 ഓളം കടകളിലും വീടുകളിലും, സഹകരണ രജിസ്ട്രാറുടെ ഓഫീസിലും മോഷണ ശ്രമം നടത്തിയതും ഇയാളാണെന്ന് അന്വോഷണത്തിൽ തെളിഞ്ഞു. കൊല്ലം ജില്ലയുടെ വിവധ സ്റ്റേഷനുകളിൽ പ്രതി മോഷണം നടത്തിയതിന് കേസുകൾ നിലവിലുണ്ട്.
കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ബി അശോകൻ്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി ജെ.ജേക്കബിൻ്റെ നേതൃത്വത്തിൽ സി ഐ ഒ. എ സുനിൽ, എസ് ഐ സി.കെ മനോജ്, അഡീഷണൽ എസ് ഐ അരുൺ, എ എസ് ഐ മാരായ അജയകുമാർ, അനിൽകുമാർ, എസ് ഐ മണിയൻപിള്ള, സിപിഒ മാരായ വിനോദ്, വിനോദ് കെ. തോമസ്, ഗോപകുമാർ, ഹോചിമിൻ, അജിത് കുമാർ, സുനിൽ കുമാർ, ഡ്രൈവർ ജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത് .
