കൊട്ടാരക്കര: വല്ലം മാമൂടിൽ സ്റ്റേഷനറി കടയിൽ കയറി വയോധികനായ ഉടമസ്ഥനെ തള്ളിയിട്ട് നാലര പവൻ്റെ സ്വർണ്ണമാല അപഹരിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടമ്മനിട്ട പുന്നമൂട്ടിൽ വീട്ടൽ അജ്മൽ(25) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടു കൂടി വെള്ളം ആവശ്യപ്പെട്ട് കടയിൽ എത്തിയ പ്രതി വയോധികനായ ഉടമസ്ഥനെ തള്ളിയിട്ട് മാല അപഹരിച്ചശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട് നിന്ന നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വോഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി വർക്കല മന്നാനിയ കോളേജിൽ മതപഠനവുമായി ബന്ധപ്പെട്ട ബിരുദം നേടിയ ശേഷം കോട്ടയം, അടൂർ, കൊട്ടാരക്കര എന്നീ സ്ഥലങ്ങളിൽ ഉസ്താദ് ആയി ജോലി നോക്കി വരികയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം കൊട്ടാരക്കരയിലെ ഒരു ജൂവലറിയിൽ ഒരു സ്ത്രിയുടെ സഹായത്തോടു കൂടി വിൽക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊട്ടാരക്കര ഡി വൈ. എസ്. പി ജെ ജേക്കബിൻ്റെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഇൻസ്പെക്ടർ ഒ. എ സുനിൽ , കൊട്ടാരക്കര സബ് ഇൻസ്പെക്ടർ സി കെ മനോജ്, അഡി. എസ് ഐ. നവാസ്, എഎസ്ഐ മാരായ അജയകുമാർ, രാധാകൃഷ്ണൻ, സി പിഒ മാരായ അജിത്, ഗോപൻ, സുനിൽ ,ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
