കൊട്ടാരക്കര: ആസാം റൈഫിൾസ് ഹെഡ്കോൺസ്റ്റബിൾ നെല്ലിക്കുന്നം പറൻകിമാംവിള പുത്തൻവീട്ടിൽ(മനു ഭവൻ) ജി കെ മനോജിന്റെ മൃതദേഹം ആണ് വികൃതമായ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഭുവനേശ്വറിൽ ട്രെയിനിൽ വച്ചാണ് ഹൃദയാഘാതത്തെത്തുടർന്ന് മനോജ് മരണപ്പെട്ടത്. തുടർന്ന് ഭുവനേശ്വറിൽ ഉറുദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മോർച്ചറി ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനായില്ല. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ മൃതദേഹം വഹിച്ചുകൊണ്ട് പോസ്റ്റ്മോർട്ടത്തിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടിവന്നു. മണിക്കൂറുകളോളം മൊബൈൽ മോർച്ചറിയോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത ആംബുലൻസിൽ സമീപപ്രദേശത്തെ ആശുപത്രി മുഴുവൻ കറങ്ങി വേണ്ടിവന്നു. പിന്നീട് 36 മണിക്കൂറുകൾക്കുശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. എംബാം ച്ചെയ്ത മുത്ദേഹം വിശാഖപട്ടണം വരെ വീണ്ടും സൗകര്യങ്ങളില്ലാത്ത ആംബുലൻസിലാണ് യാത്രതുടർന്നത്. ബുധനാഴ്ച മാത്രമാണ് ആർമി ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് മൃതദേഹം വിമാനത്തിൽ നാട്ടിലെത്തിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് വികൃതമായ നിലയിൽ കണ്ടെത്തിയത്.ആന്ധ്രയിലെ ആശുപത്രി അധികൃതർ ജവാന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ആർമി ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
