കൊട്ടാരക്കര: എംസി റോഡരികിലെ സർക്കാർ ആശുപത്രികളെ ബന്ധിപ്പിച്ച് 60 കോടിരൂപ ചെലവിൽ ട്രോമാ കെയർ സംവിധാനം വരുന്നു. ഇതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ്റെ നിർദേശപ്രകാരം ഇന്നലെ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡി വീണാ മാധവൻ ആശുപത്രി അധികൃതരുടെ യോഗം നടത്തി.
ലോകബാങ്ക് സുരക്ഷിത ഇടനാഴി പദ്ധതിയിലുൾപ്പെട്ട കൊട്ടാരക്കര – തൈക്കോട് ഭാഗത്തെ കൊട്ടാരക്കര, അടൂർ താലൂക്ക് ആശുപത്രികൾ, വാമനപുരം, കന്യാകുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നീ ആശുപത്രികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. ഇന്നലെ നടന്ന യോഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ ഉൾപ്പെടെ എല്ലാ ആശുപത്രികളുടെയും അധികൃതർ പങ്കെടുത്തു.
പോർട്ടബിൾ വെന്റിലേറ്റർ ഐസിയോടുകൂടിയ ആംബുലൻസുകൾ, മറ്റ് ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവ ആശുപത്രികൾക്കു നൽകും. മൂന്ന് കോടിയോളം രൂപയുടെ ഉപകരണങ്ങളാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തുന്നത്. അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാനുള്ള പരമാവധി സംവിധാനങ്ങളും ആശുപത്രിയിലുണ്ടാകും. സിടി സ്കാനറുകൾ ഉൾപ്പെടെ ആശുപത്രികളിലെത്തും. പദ്ധതി ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്നും മതിയായ ഫണ്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.