മുംബൈ : ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’ മെന്ന് പ്രഖ്യാപിച്ച് 180 കിലോമീറ്റര്‍ ലോങ്മാര്‍ച്ചായി എത്തിയ കര്‍ഷകര്‍ ഇന്ന് മുംബൈയില്‍ മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയും. താനെ- മുംബൈ അതിര്‍ത്തിയായ മുളുണ്ടില്‍ മഹാനഗരം ലോങ്മാര്‍ച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി. ഇന്നലെ രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാര്‍ച്ച് ഇന്ന് പുലര്‍ച്ചയോടെ ആസാദ് മൈതാനിയിലേക്ക് നീങ്ങി. ഇന്ന് എസ്എസ്സി പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാര്‍ച്ച് പുലര്‍ച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്.
വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കര്‍ഷകര്‍ക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോൾ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും