ന്യൂഡൽഹി: ഹാദിയക്കേസ് സുപ്രീംകോടതി ഇന്നു വീണ്ടും പരിഗണിക്കും. വീട്ടുതടങ്കലില്‍ പീഡനമേറ്റത് ഉൾപ്പെടെ ഹാദിയയുടെ ആരോപണങ്ങളില്‍ അച്ഛന് അശോകന് സമര്‍പ്പിച്ച മറുപടി കോടതി പരിശോധിക്കും. ഷെഫിന് ജഹാന് ഭീകരബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഐഎയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ സമ്മര്‍ദമുണ്ടായി, ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്കാന് ശ്രമിച്ചു, വീട്ടുതടങ്കലില്‍ മര്‍ദിച്ചു തുടങ്ങിയ ആരോപണങ്ങളാണ് അച്ഛന് അശോകന് അടക്കമുളളവര്‍ക്കെതിരെ ഹാദിയ ഉന്നയിച്ചത്.
അതേസമയം, എന്‍ഐഎ ഉദ്യോഗസ്ഥന് മോശമായി പെരുമാറിയെന്നും ഭീകരബന്ധമുള്ളയാളെന്ന മട്ടില്‍ ചോദ്യംചെയ്തെന്നുമാണു ഹാദിയയുടെ മറ്റൊരു ആരോപണം. വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടു. എന്നാല്‍, ആരോപണങ്ങള്‍ എന്‍ഐഎ നിഷേധിച്ചു. ഷെഫിന് ജഹാനു ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.