തിരുവന്തപുരം: സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഷുഹൈബ് വധത്തില്‍ പോലീസിൻ്റെ അന്വേഷണം തൃപ്തികരമാണെന്നും ഷുഹൈബ് വധക്കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ യു.എ.പി.എ നിയമം ചുമത്താന്‍ ആവശ്യമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൻ്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ ബിജെപി, സിപിഎം, എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അനൂപ് ജേക്കബ്ബിൻ്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും പോലീസിന് നല്‍കിയിട്ടുണ്ടെന്നും നിയമവിരുദ്ധമായ യാതൊരു നടപടിയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കാന്‍ ആര് ശ്രമിച്ചാലും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.