ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിൻ്റെ മകന് കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെൻ്റ് ആക്ട് ലംഘനത്തിനാണ് അറസ്റ്റ്. ചെന്നൈ എയര്‍പോര്‍ട്ടില്‍ ബ്രിട്ടണില്‍ നിന്നും മടങ്ങി എത്തിയ കാര്‍ത്തി ചിദംബരത്തെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മുന്‍ കൂര് അനുവാദം വാങ്ങിയ ശേഷമായിരുന്നു കാര്‍ത്തിയുടെ വിദേശയാത്ര.
പിതാവ് പി ചിദംബരം കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കേ വിദേശ ഇന്‍വെസ്റ്റ്മെൻ്റ് പ്രൊമോഷന് ബോര്‍ഡ് വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്സ് മീഡിയക്ക് മൗറീഷ്യസില്‍ നിന്നും നിക്ഷേപം ലഭിക്കുന്നതിനുള്ള എഫ്ഐപിബി അനുമതി വാങ്ങി നല്‍കിയെന്നാണ് കാര്‍ത്തിയുടെ പേരിലുള്ള ആരോപണം. എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് സിബി ഐ കേസെടുക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കാര്‍ത്തി ചിദംബരം നിഷേധിച്ചു.