തിരുവനന്തപുരം: ഷുഹൈബിൻ്റെയും മധുവിൻ്റെയും കൊലപാതകം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ദിവസം തന്നെ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധം നടത്താനായിരുന്നു പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.
അതിനിടെ സി.പി.എം അംഗങ്ങളായ എ.എന്‍ ഷംസീറടക്കം ചിലര്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ തിരിഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. അതിനിടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഗ്യാലറിയില്‍ നിന്ന് പുറത്താക്കി.
സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അംഗങ്ങള്‍ ബഹളം വെച്ചു. പിന്നീട് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എഴുന്നേറ്റെങ്കിലും മറുപടി പൂര്‍ത്തിയാക്കാനായില്ല. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ ആരംഭിച്ച് പത്തു മിനിട്ടിനകം സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോയി.
വീണ്ടും സഭ തുടങ്ങിയതോടെ പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് എം.എല്‍.എ നല്കിയ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറഞ്ഞു. രണ്ട് പേരാണ് ഷുഹൈബിനെ വെട്ടിപ്പരിക്കേല്പ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംഭവത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷം ആരോപിച്ചു.