കൊട്ടാരക്കര: ചടയമംഗലം എക്സൈസ് റേഞ്ച് സംഘം ഇട്ടിവ വയ്യാനം ഇരപ്പില്‍ ജനകീയ റെയ്ഡ് നടത്തി. ചാരായം നിര്‍മ്മിക്കുവാനായി സൂക്ഷിച്ച 150 ലിറ്റര്‍ കോട ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇന്നലെ ഉച്ചക്ക് 2.30 നായിരുന്നു ജനകീയ റെയ്ഡ്. വയ്യാനം ഇരപ്പില്‍ പൊലീസ് മുക്കില്‍ വര്‍ഷങ്ങളായി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നൂറു ലിറ്ററിൻ്റെ രണ്ട് ബക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന കോട ആളില്ലാത്ത വീട്ടില്‍ ചാരായം വാറ്റുന്നതിന് വേണ്ടി കൊണ്ടു വന്നതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അങ്ങാടി മരുന്നുകള്‍, വാഴപ്പിണ്ട്, തെങ്ങിന് പൂക്കുല തുടങ്ങിയവ ചേര്‍ത്ത് പാകപ്പെടുത്തിയ നിലയിലായിരുന്നു കോട. പരിശോധനയില്‍ അങ്ങാടി മരുന്നുകളും ശര്‍ക്കരയും കണ്ടെടുത്തു. പിടികൂടിയ കോടയില്‍ നിന്നും നാല്പത് ലിറ്റര്‍ ചാരായം നിര്‍മ്മിക്കാന്‍ കഴിയും. ഈ പ്രദേശത്തെ മുന്‍ അബ്കാരി കേസുകളിലെ പ്രതികളെ എക്സൈസ് നിരീക്ഷിച്ചു വരുകയാണ്. നാട്ടുകാരായ യുവജനങ്ങളും പ്രദേശവാസികളും എക്സൈസും ചേര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി റോബര്‍ട്ടിൻ്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചടയമംഗലം എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഫി, അസി. ഇന്‍സ്പെക്ടര്‍ ഷാജഹാന്, പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു സേനന്, ബാബു, പ്രോംനസീര്‍ ,ഷിബു പാപ്പച്ചന്, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ സുജിത്ത് എസ് , ലിറ്റോ തങ്കച്ചന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സൗമ്യ, ഗീതു, കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
