പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രി എ.കെ. ബാലന്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്കി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
മോഷണ കുറ്റം ആരോപിച്ച് കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
തുടര്‍ന്ന് മധുവിനെ പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി മധു വാഹനത്തില്‍ വച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അഗളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മധു മരിച്ചിരുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിൻ്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം.