ന്യൂഡൽഹി: കഴിഞ്ഞ മാസം ഡൽഹിയിൽ സ്കൂൾ ബസിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഒന്നാം ക്ലാസുകാരനെ രക്ഷപ്പെടുത്തി. കഴിഞ്ഞ രാത്രി ഷാഹിബാബാദിൽ പ്രതികളുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതികളിലൊരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ജനുവരി 25 നാണ് വിദ്യാർഥികളുമായി പോകുന്ന ബസിൽ നിന്ന് അഞ്ചു വയസുകാരനെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ തട്ടിയെടുത്തത്. വാൻ ഡ്രൈവറുടെ കാലിന് വെടിവെച്ചു വീഴ്ത്തിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്.
ജനുവരി 28 ന് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഫോൺ കോൾ വന്നതു മുതൽ പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.പ്രതികളെ യു.പിയിലെ ഗാസിയാബാദിനു സമീപത്തെ ഷാഹിബാബാദിൽ വച്ച് പൊലീസ് കണ്ടെത്തി. തുടർന്ന് അരമണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പ്രതികളെ പൊലീസ് കീഴടക്കുകയായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ താമസിക്കുന്ന അപ്പാർട്ട്മൻ്റിൽ പുലർച്ചെ ഒരുമണിയോടെ ഡൽഹി ക്രൈംബ്രാഞ്ച് പരിശോധന നടത്തി കുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്ക് കൈമാറി.