തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന് സ്വര്‍ണ്ണം കവര്‍ന്ന ദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടി. തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വരം തകരപ്പറമ്പ് സ്വദേശി ഭഗവതി അമ്മാളിനെയാണ് ഇവര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിൻ്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച് സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.