തിരുവല്ല : വീടിനു തീപിടിച്ചു പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കിയതാണെന്ന് പോലീസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുള്ള അഗ്നിബാധയെന്ന് ബന്ധുക്കള്‍.
തിരുവല്ല മീന്തലക്കര തെങ്ങണാംകുളത്തില് ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോള്‍സണ്‍ സിറിയന്‍ യാക്കോബൈറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ടി.എ. അഭിരാമി(15)യാണ് മരിച്ചത്.
തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന അമ്മ സുധയുടെയും സഹോദരന് അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മേല്‍ക്കൂര ഉള്‍പ്പടെ കത്തിയമര്‍ന്നു താഴേക്കു വീണു. ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ച് വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കയറിയപ്പോള്‍ മേല്‍ക്കൂരയ്ക്ക് അടിയില്‍ അഭിരാമിയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രണ്ടിന് ഡിവൈന്‍ വര്‍ഷിപ്പ് സെന്റര്‍ സെമിത്തേരിയില്‍ നടക്കും.
അമ്മ: സുധ. സഹോദരന്: അഭിജിത്ത് (എസ്.സി. സ്കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി).