ന്യൂഡൽഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ. പ്രധാനപ്പെട്ട നിരവധി പ്രശ്നങ്ങൾ നിലവിലുണ്ട് അവയെല്ലാം പരിഹരിക്കപ്പെടണം. അതിനാലാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ കേസുകളിൽ ആശങ്കകളില്ലയെന്നും പ്രശ്നങ്ങൾ പെട്ടെന്നു തന്നെ പരിഹരിക്കപ്പെടണമെന്നും ചെലമേശ്വർ പറഞ്ഞു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ ഇന്നു കോടതിയിലെത്തിയാല്‍ മാത്രം സമവായചര്‍ച്ചകള്‍ പുനരാരംഭിക്കും. അതേസമയം, ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോയെന്ന വിഷയത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നും വാദം കേള്‍ക്കും.
ചര്‍ച്ച തുടരാന്‍ തയാറാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരെ അറിയിച്ചിട്ടുണ്ട്. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നാണ് നിലപാട്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സുപ്രീംകോടതി ബാര്‍ അസോസിയേഷനും പരിഹാരശ്രമം നടത്തുന്നുണ്ട്.