ന്യൂഡല്‍ഹി : രാജ്യത്ത് പത്തു രൂപ നാണയങ്ങള്‍ നിരോധിച്ചുവെന്ന പ്രചരണത്തില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. പത്തു രൂപാ നാണയങ്ങള്‍ നിയമസാധുതയുള്ളതാണെന്നും ഇത്തരം നാണയങ്ങള്‍ പണമിടപാടുകള്‍ക്ക് സ്വീകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
10 രൂപാ നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് വിശദീകരണവുമായി ആര്.ബി.ഐ രംഗത്തെത്തിയത്. 14 തരം ഡിസൈനിലുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിക്കുന്നത്. പുതിയ നാണയം ഓരോ തവണ ഇറക്കുമ്പോഴും രഇപകല്പ്പനയില് മാറ്റങ്ങള്‍ വരുത്താറുണ്ട്.
2009 മുതല്‍ ഇറക്കിയ 14 തരം പത്തു രൂപാ നാണയങ്ങളാണ് ഇപ്പോള്‍ വിനിമയത്തിലുള്ളത്. ഇതിനെല്ലാം തന്നെ മൂല്യമുണ്ട്. നായണങ്ങള്ക്ക് മൂല്യമില്ലെന്നും ഇതുകൊണ്ട് ഇടപാടുകള്‍ നടത്താനാകില്ലെന്നുമുള്ള വാര്‍ത്ത തെറ്റാണെന്നും ആര്.ബി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഇതിനിടെ, പുതിയ 10 രൂപാ നോട്ടുകള്‍ ഇറക്കിയ സാഹചര്യത്തില്‍ നാണയങ്ങള്‍ക്ക് ഇനി മൂല്യം ഉണ്ടായിരിക്കില്ലെന്ന ധാരണയില്‍ പലരും ഇതുകൊണ്ട് ഇടപാടുകള്‍ നടത്താന്‍ തയ്യാറാകുന്നില്ല. എന്നാല്‍, 10 രൂപാ നാണയങ്ങള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു വിലക്കുമില്ലെന്ന് പ്രസ്താവനയില്‍ ആര്.ബി.ഐ വ്യക്തമാക്കുന്നു.